തിരുവനന്തപുരം: നികുതിപ്പണം എങ്ങനെ ചെലവഴിക്കുന്നുവെന്നു നിരീക്ഷിക്കുമ്പോള്‍ ഇടപെടേണ്ടെന്നു പറയാന്‍ കേന്ദ്രമെന്താ പാകിസ്ഥാനാണോ എന്ന് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍. സംസ്ഥാനങ്ങള്‍ തെറ്റായ രീതിയില്‍ വായ്പ എടുത്താല്‍ ഇടപെടാന്‍ അധികാരമുണ്ടെന്നും ധനമന്ത്രി ഓര്‍മ്മിപ്പിച്ചു. ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച രണ്ടാമത് പി.പരമേശ്വരന്‍ സ്മാരക പ്രഭാഷണത്തില്‍ ‘സഹകരണ ഫെഡറലിസം: ആത്മനിര്‍ഭര്‍ ഭാരതിലേക്കുള്ള പാത’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി പിരിക്കുന്ന തുക സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നില്ലെന്ന വിമര്‍ശനം അടിസ്ഥാനരഹിതമാണ്. സംസ്ഥാനങ്ങള്‍ക്ക് 32 ശതമാനം വിഹിതം നല്‍കിയിരുന്നത് 42 ശതമാനമായി ഉയര്‍ത്തി. റോഡ് മുതല്‍ സ്‌കൂളുകള്‍ വരെ പണിയാനാണ് കേന്ദ്രവിഹിതത്തിലെ തുക നല്‍കുന്നത്. എന്ത് ആവശ്യത്തിനായിട്ടാണൊ നികുതി പിരിക്കുക ആ ആവശ്യത്തിനുമാത്രമാണ് ഉപയോഗിക്കുന്നത്. ഇത് ചെലവഴിക്കുന്നത് സംസ്ഥാനങ്ങള്‍ വഴിയുമാണ്. ആ തുക എങ്ങനെ ചെലവഴിക്കുന്നുവെന്നു നിരീക്ഷിക്കുമ്പോള്‍ കേന്ദ്രം ഇടപെടേണ്ടെന്നു പറയാന്‍ കേന്ദ്രമെന്താ പാകിസ്ഥാനാണോ എന്നും മന്ത്രി ചോദിച്ചു.
ഇത്തരം കാര്യങ്ങളാണ് കേന്ദ്ര– സംസ്ഥാന ബന്ധങ്ങളെ ബാധിക്കുന്നത്. വസ്തുതകളുടെ അടിസ്ഥാനത്തിലല്ല രാഷ്ട്രീയത്തിന്‍റെ മാത്രം അടിസ്ഥാനത്തിലാണ് കേന്ദ്ര-സംസ്ഥാന ബന്ധത്തെ ചിലര്‍ വിമര്‍ശിക്കുന്നത്. സൗജന്യങ്ങള്‍ നല്‍കാന്‍ വായ്പ എടുക്കുന്നത് നല്ല കീഴ്‌വഴക്കമല്ല. മൂലധന ആസ്തി വളര്‍ത്തുന്നതിനു പകരം ആനുകൂല്യങ്ങള്‍ നല്‍കാനും ദൈനംദിന ചെലവുകള്‍ നടത്താനും വായ്പയെടുത്തു പണം ചെലവഴിക്കാനുള്ള പ്രലോഭനം ചില സംസ്ഥാനങ്ങള്‍ക്കുണ്ട്. അതു വരുംതലമുറകള്‍ക്കു കൂടി വലിയ ബാധ്യത സൃഷ്ടിക്കും.
കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കാന്‍ കഴിയും. സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ് എന്നിവയ്ക്ക് കീഴില്‍ എല്ലാവരുടെയും താത്പര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പരിപാലിക്കുന്നുണ്ട്. രാഷ്ട്രീയ വിജയം നേടാന്‍ ഉദ്യോഗസ്ഥരെ രാഷ്ടീയവത്ക്കരിക്കരുത്. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ഉദ്യോഗസ്ഥരെ വിടാന്‍ ചില സംസ്ഥാനങ്ങള്‍ മടിക്കുന്നതിനെയും കേന്ദ്ര ധനമന്ത്രി വിമര്‍ശിച്ചു.
ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ അദ്ധ്യക്ഷനായി. ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി മോക്ഷവ്രതാനന്ദ ഭദ്രദീപം തെളിയിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, ഭാരതീയ വിചാര കേന്ദ്രം പ്രസിഡന്റ് ഡോ.എം. മോഹന്‍ദാസ്, ജില്ലാ പ്രസിഡന്റ് സി.വി. ജയമണി, ജനറല്‍ സെക്രട്ടറി സുധീര്‍ ബാബു, ജനറല്‍ കണ്‍വീനര്‍ എസ്. രാജന്‍പിള്ള തുടങ്ങിയവര്‍ സംസാരിച്ചു.













Discussion about this post