കൊച്ചി: രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ സാഹചര്യത്തില്‍, ജമാ അത്തെ ഇസ്ലാമിയുടെ വാര്‍ത്താചാനലായ മീഡിയ വണ്ണിന് വിലക്കേര്‍പ്പെടുത്തിയ കേന്ദ്ര നടപടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും ശരിവച്ചു. കേന്ദ്ര സര്‍ക്കാര്‍ മുദ്രവച്ച കവറില്‍ ഹാജരാക്കിയ രേഖകള്‍ തങ്ങളും വിശദമായി പരിശോധിച്ചെന്നും വിലക്കിനുള്ള കാരണങ്ങള്‍ ബോധ്യപ്പെട്ടെന്നും ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവര്‍ വ്യക്തമാക്കി. രേഖകള്‍ പരിശോധിച്ച്, വിലക്ക് ശരിവച്ച സിംഗിള്‍ ബെഞ്ച് വിധിയില്‍ ഇടപെടേണ്ടതായിട്ടില്ലെന്ന് മീഡിയ വണ്‍ നല്‍കിയ അപ്പീലുകള്‍ തള്ളിക്കൊണ്ട് അവര്‍ ചൂണ്ടിക്കാട്ടി.
ചാനലും അതിന്റെ എഡിറ്റര്‍ പ്രമോദ് രാമനും ജീവനക്കാരുടെ സംഘടനയും കേരള പത്രപ്രവര്‍ത്തക യൂണിയനും പ്രത്യേകം പ്രത്യേകം അപ്പീലുകള്‍ ഫയല്‍ ചെയ്തിരുന്നു.കേന്ദ്രത്തിനെതിരെ സത്യസന്ധമായ വാര്‍ത്തകള്‍ നല്‍കിയതുകൊണ്ട് മോദി സര്‍ക്കാര്‍ തങ്ങളെ വേട്ടയാടുകയാണെന്ന മീഡിയ വണ്ണിന്റെ വാദവും കോടതി തള്ളി. ചാനലിന്റെ നടത്തിപ്പുകാരായ മാധ്യമം ബ്രോഡ്കാസ്റ്റിങ്ങ് ലിമിറ്റഡിനും അവരുടെ മാനേജിങ് ഡയറക്ടര്‍ക്കും എതിരെ ഗുരുതരമായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ടെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
ആഭ്യന്തര മന്ത്രാലയം സൂക്ഷിക്കുന്ന ഫയലുകള്‍ അതീവ രഹസ്യവും വളരെ പ്രധാനപ്പെട്ടവയും ആയതിനാല്‍, ഇക്കാര്യത്തില്‍ കൂടുതലൊന്നും പറയുന്നില്ല. മാധ്യമസ്വാതന്ത്ര്യത്തിന്റെ പ്രസക്തിയും പ്രാധാന്യവും ഊന്നിപ്പറയുമ്പോള്‍ തന്നെ, ഭരണഘടനയുടെ 19(3), 4 വകുപ്പുകളില്‍ പറയുന്ന നിയന്ത്രണങ്ങളില്‍ രാജ്യസുരക്ഷയുമുണ്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്., ജഡ്ജിമാര്‍ പറഞ്ഞു. 95ലെ കേബിള്‍ ടിവി നെറ്റ്‌വര്‍ക്ക് നിയന്ത്രണ നിയമത്തിന്റെ ലക്ഷ്യവും അതുകൊണ്ടുവരാനുള്ള കാരണവും വ്യക്തമാണ്. രാജ്യതാത്പര്യത്തിന് തന്നെയാണ് പ്രാധാന്യം നല്‍കേണ്ടതും. അതിനാല്‍ വാര്‍ത്താ വിതരണ മന്ത്രാലയം ചാനലുകള്‍ക്ക് അപ്‌ലിങ്കിങ്ങ്, ഡൗണ്‍ ലിങ്കിങ്ങ് അനുമതി നല്‍കുന്നതും അനുമതി പുതുക്കുന്നതും ആഭ്യന്തരമന്ത്രാലയവുമായി ബന്ധപ്പെട്ടു തന്നെയാണ്. രാജ്യത്തിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുസമാധാനവും രാജ്യസുരക്ഷയും പ്രധാനമാണ്. പൗരന്മാരുടെ താത്പര്യങ്ങള്‍ക്കു തന്നെയാണ് പ്രാധാന്യം. അനുമതി നല്കുമ്പോള്‍ മാത്രം ആഭ്യന്തരമന്ത്രാലയത്തിന്റെ ക്ലിയറന്‍സ് മതിയെന്നും അനുമതി പുതുക്കുന്നതിന് ഇത് വേണ്ടെന്നുമുള്ള മീഡിയ വണ്‍ വാദം തള്ളി കോടതി വ്യക്തമാക്കി.
സിംഗിള്‍ ബെഞ്ചിന്റെ വിധിയില്‍ നിയമപരമായ തെറ്റുകളോ അപാകതകളോ ഇല്ല, ഫെബ്രുവരി എട്ടിന് ജസ്റ്റിസ് എന്‍. നഗരേഷ് പുറപ്പെടുവിച്ച വിധി ശരിവെച്ച് ഡിവിഷന്‍ ബെഞ്ചും വ്യക്തമാക്കി. മീഡിയ വണ്ണിനു വേണ്ടി അഡ്വ. ദുഷ്യന്ത് ദവേയും കേന്ദ്ര സര്‍ക്കാരിനു വേണ്ടി അഡീ. സോളിസിറ്റര്‍ ജനറല്‍ അമന്‍ ലേഖിയുമാണ് ഹാജരായത്.














Discussion about this post