കോഴിക്കോട്: കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിന് സമീപം നെല്ലിക്കോട് കാട്ടുകുളങ്ങരയില്‍ ദുരൂഹ സാഹചര്യത്തില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്. സിറ്റി പോലീസ് കമ്മീഷണറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.
തെക്കെപാട്ട് മീത്തല്‍ ആളൊഴിഞ്ഞ പറമ്പില്‍ കാട് വെട്ടിത്തെളിക്കുന്നതിനിടയിലാണ് 266 വെടിയുണ്ടകള്‍ ചൊവ്വാഴ്ച കണ്ടെത്തിയത്. പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് പോലീസ് ഇവ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്ഥലത്ത് വെടിവയ്പ്പ് പരിശീലനം നടത്തിയതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. 0.22 റൈഫിള്‍സില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകളാണ് കാരിയര്‍ ഉള്‍പ്പെടെ വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
സാധാരണ നാടന്‍ തോക്കുകളില്‍ ഉപയോഗിക്കുന്നവയല്ലാത്തതിനാല്‍ പ്രാദേശികമായി നിര്‍മിച്ചവയല്ലെന്ന് വ്യക്തമാണ്. ലൈസന്‍സ് ഉള്ളവര്‍ക്ക് പോലും പരമാവധി 50 വെടിയുണ്ടകള്‍ കൈവശംവയ്ക്കുന്നതിനാണ് അനുമതി. എന്നാല്‍ ഇത്രയധികം വെടിയുണ്ടകള്‍ ഒന്നിച്ച് ലഭിക്കാന്‍ സാധ്യത ഇല്ലാത്തതിനാല്‍ ഇവ മോഷ്ടിച്ചതാകാമെന്നാണ് നിഗമനം. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇത്രയധികം വെടിയുണ്ടകള്‍ ഒന്നിച്ച് കണ്ടെടുക്കുന്നത്. ദൂരൂഹത നിലനില്‍ക്കുന്നതിനാല്‍ വെടിയുണ്ടകളുടെ കാലപ്പഴക്കം കണ്ടെത്താന്‍ ബാലിസ്റ്റിക് വിദഗ്ധന്റെ സഹായം തേടുമെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. വെടിവയ്പ് പരിശീലനത്തിന് ഉപയോഗിച്ച ടാര്‍ഗറ്റ് ബോര്‍ഡ് സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.













Discussion about this post