ധാക്ക: ബംഗ്ലാദേശിലെ ഹിന്ദുവിരുദ്ധകലാപം ആസൂത്രിതമെന്ന് വ്യക്തമായി. ദുര്‍ഗാപൂജാ ദിവസം നവഖാലിയിലെ ക്ഷേത്രത്തില്‍ ദേവീവിഗ്രഹത്തിന്റെ കാല്‍ച്ചുവട്ടില്‍ ഖുറാന്‍ കൊണ്ടുവെച്ചയാളെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസ് തിരിച്ചറിഞ്ഞു. കൊമില്ല സുജാനഗര്‍ സ്വദേശി ഇഖ്ബാല്‍ ഹുസൈന്‍ എന്നയാളെയാണ് പോലീസ് തിരിച്ചറിഞ്ഞത്. ഇയാളെ ഉടന്‍ പിടികൂടാനാവുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
ഇയാള്‍ ഏതെങ്കിലും സംഘടനയില്‍ പെട്ടയാളോ എന്നും മറ്റുമുള്ള വിവരങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണ്. ദുര്‍ഗാദേവിയുടെ കാല്‍ച്ചുവട്ടില്‍ ഖുറാന്‍ ഇരിക്കുന്നതിന്റെ വീഡിയോദൃശ്യങ്ങള്‍ പ്രചരിച്ചതിനെത്തുടര്‍ന്നാണ് നൂറ് കണക്കിന് വരുന്ന മുസ്ലീം കലാപകാരികള്‍ നവഖാലിയില്‍ ക്ഷേത്രം ആക്രമിച്ചത്.
ഒക്‌ടോബര്‍ 13ന് നവരാത്രി പന്തലില്‍ കയറിയ ഇഖ്ബാല്‍ ഹുസൈന്‍ ഖുറാന്‍ വിഗ്രഹത്തിന് മുന്നില്‍ വെക്കുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചതെന്ന് കൊമില്ല പോലീസ് മേധാവി ഫാറൂഖ് അഹമ്മദ് പറഞ്ഞു. പള്ളിയില്‍ നിന്ന് ഇയാള്‍ ഖുറാന്‍ എടുക്കുന്നതും പന്തലില്‍ കയറി അത് വിഗ്രഹത്തിന് മുന്നില്‍ വെക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ സ്പഷ്ടമാണ്. തുടര്‍ന്ന് ഹനുമാന്‍ പ്രതിമയുടെ അടുത്തേക്ക് പോകുന്നതും ദൃശ്യങ്ങളിലുണ്ട്.
അതേസമയം ഇയാള്‍ മയക്കുമരുന്നിന് അടിമയാണെന്നും മാനസികപ്രശ്‌നങ്ങളുള്ളയാളാണെന്നും വരുത്താന്‍ ശ്രമം നടക്കുന്നുണ്ട്. കോമില്ല വാര്‍ഡ് കൗണ്‍സിലര്‍ സയ്യിദ് സോഹലിന്റെ നേതൃത്വത്തിലാണ് ഇയാളെ രക്ഷപ്പെടുത്താനുള്ള ശ്രമം നടക്കുന്നത്. നേരത്തെ ഫായസ് അഹമ്മദ് (41) എന്നയാള്‍ പോലീസ് പിടിയിലായിരുന്നു. വീഡിയോദൃശ്യങ്ങളുപയോഗിച്ച് കലാപത്തിന് ആഹ്വാനം ചെയ്തതിന്റെ പേരിലാണ് ഇയാളെ പിടികൂടിയത്. ഇയാളിപ്പോള്‍ റിമാന്‍ഡിലാണ്.
പത്ത് പേരാണ് അക്രമങ്ങളില്‍ കൊല്ലപ്പെട്ടത്. ഇതുവരെ 450 പേരെ അറസ്റ്റ് ചെയ്യുകയും 72 കേസുകള്‍ ഫയല്‍ ചെയ്യുകയും ചെയ്തു. കോമില സംഭവത്തെ തുടര്‍ന്ന് നിരവധി ക്ഷേത്രങ്ങളും പൂജാവേദികളും നശിപ്പിക്കപ്പെട്ടു. നൂറുകണക്കിന് ഹിന്ദുക്കളുടെ വീടുകളും വ്യാപാര സ്ഥാപനങ്ങളും തകര്‍ത്തു.














Discussion about this post